ലേബർ വിഭാഗം
തൊഴിൽ സ്ഥലങ്ങളിൽ തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ആരോഗ്യപരവും സുരക്ഷിതവും സന്തോഷപ്രദവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തൊഴിൽ പരമായ അനേകം നിയമ നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ട്. അവയിൽ ഫാക്ടറി തൊഴിലാളികളുടെയും തൊഴിൽ ഉടമസ്ഥരുടെയും ക്ഷേമത്തിനായുളള സൗകര്യങ്ങൾ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഫാക്ടറി ആക്ട് 1948 പേമെന്റ് ഓഫ് വേജസ് ആക്ട് 1936, വ്യവസായ വ്യവഹാര ആക്ട് 1967 എന്നിവയ്ക്ക് പ്രബലമായ ഒരു കർത്തവ്യം ഉണ്ട്. ടി നിയമങ്ങൾ ഒഴികെയുളള തൊഴിൽ പരമായ നിയമനിർമ്മാണങ്ങൾക്ക് വേണ്ടിയുളള വിവരശേഖരണത്തിലൂടെ ഫലപ്രദമായ നിയമ നിർവ്വഹണത്തിന് സഹായിക്കുകയും സാമ്പത്തിക വികസനത്തിന് വേണ്ട പ്രധാനപ്പെട്ട സൂചികകൾ നൽകുകയും ചെയ്യുന്നു.
ഡിപ്പാർട്ട്മെന്റിലെ ലേബർ യൂണിറ്റ് ടി നിയമാനുസൃത വിവരശേഖരണം, പട്ടിക തയ്യാറാക്കൽ, ഡേറ്റ വിശകലനം, പ്രചാരണാർത്ഥം റിപ്പോർട്ട് തയ്യാറാക്കൽ തുടങ്ങിയവയിൽ വ്യാപൃതരാണ്. ഫാക്ടറീസ് ആക്ടിലെ സെക്ഷൻ 2 m(i), 2m (ii), സെക്ഷൻ 85 എന്നിവ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുളള ഫാക്ടറികളിൽ നിന്നും നിയമപരമായി ശേഖരിക്കേണ്ടുന്ന ഔദ്യോഗിക റിപ്പോർട്ടുകൾ വാർഷികമായും അർദ്ധ വാർഷികമായും ഡിപ്പാർട്ട്മെന്റ് ശേഖരിക്കുന്നുണ്ട്.
പ്രതിമാസം 10,000/- രൂപയ്ക്ക് താഴെ വരുമാനം ആർജ്ജിക്കുന്ന ഫാക്ടറി തൊഴിലാളികളെ സംബന്ധിച്ച പ്രസ്തുത വിവരങ്ങൾ വേജസ് ആക്ട് പ്രകാരം ഫാക്ടറി മാനേജ്‍മെന്റ് വാർഷിക റിപ്പോർട്ട് തയ്യാറാക്കി നൽകേണ്ടതാണ്. പണിമുടക്ക്, അടച്ചുപൂട്ടൽ, ചെലവു വെട്ടിക്കുറയ്ക്കൽ തുടങ്ങിയ വ്യവസായ വ്യവഹാര ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ റിപ്പോർട്ടുകളും (മാസം തോറും) വ്യവസായ വ്യവഹാരം നിലനിൽക്കുന്ന ഫാക്ടറികളിൽ നിന്നും ശേഖരിച്ചു വരുന്നു.
ഫാക്ടറീസ് ആക്ടിന്റെയും പേയ്‍മെന്റ് ഓഫ് വേജസ് ആക്ടിന്റെയും പരിധിയിൽ വരുന്ന എല്ലാ ഔദ്യോഗിക റിപ്പോർട്ടുകളും ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡയറക്ടറേറ്റിൽ നിന്നും ശേഖരിച്ച് ഡേറ്റ ക്രമീകരണം നടത്തി പട്ടിക തയ്യാറാക്കി ലേബർ ബ്യൂറോയ്ക്ക് അയച്ചു കൊടുക്കുന്നു. ജില്ലാ ലേബർ ആഫീസുകൾ / ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് തുടങ്ങിയവയിൽ നിന്നും യഥാക്രമം ഔദ്യോഗിക റിപ്പോർട്ടുകൾ ശേഖരിച്ച് ലേബർ ബ്യൂറോയ്ക്ക് അയച്ചു കൊടുക്കുന്നു. ഇതിന് പുറമെ മേറ്റേർനിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയിൽ വരുന്ന ഡാറ്റ ശേഖരണവും റിപ്പോർട്ട് തയ്യാറാക്കലും ലേബർ സെക്ഷൻ നടത്തി വരുന്നു.
സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 1963-64 ൽ ആരംഭിച്ച വേതനഘടന സർവ്വെ ഓരോ 5 വർഷത്തേയ്ക്കായി നടത്തി വരുന്നു.
കെട്ടിട നിർമ്മാണ മേഖലയിലും വ്യപാര വാണിജ്യ മേഖലയിലും ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ / ജോലിക്കാരുടെ വേതന ഘടന പഠിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നഗര പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും സർവ്വെ നടത്തുന്നത് ത്രൈമാസങ്ങളായിട്ടാണ്. തൊഴിലാളികളുടെ വേതനം, ജോലി സമയം തുടങ്ങിയവയാണ് പ്രസ്തുത സർവ്വെ പ്രകാരം ശേഖരിക്കുന്നത്. പ്രസ്തുത ഡാറ്റ ക്രോഡീകരിച്ച് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഈ ഡാറ്റ പ്രധാനമായും സംസ്ഥാനതല വരുമാനം നിർണ്ണയിക്കൽ, പ്ലാനിംഗ് എന്നിവയ്ക്കായി ഉപയോഗിച്ചു വരുന്നു. കേരളത്തിലെ മുഴുവൻ ജില്ലകളും പ്രസ്തുത സർവ്വെയുടെ പരിധിയിൽപ്പെടുന്നു.