കൃഷിചെലവ് സർവ്വെ

കേരള സർക്കാർ സംസ്ഥാനത്തെ പ്രധാന വിളകളുടെ കൃഷിചെലവ് സർവ്വെ സംബന്ധിച്ച വാർഷിക വിവരം ശേഖരിക്കുവാൻ 1980-81 ലെ ഗവൺമെന്റ് ഉത്തരവ് നമ്പർ ആർ.റ്റി 466/79/പിഎൽജി തീയതി 27/10/1979 പ്രകാരം അനുമതി നൽകിയിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളിൽ നിന്നും തെരഞ്ഞെടുത്തിട്ടുള്ള 38 താലൂക്കുകളിലാണ് സർവ്വെ നടത്തി വരുന്നത്. തെരഞ്ഞെടുത്തിട്ടുള്ള വിളകളായ നെല്ല് (3 സീസൺ), തെങ്ങ്, കമുക്, മരച്ചീനി, ഏത്തവാഴ, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, പാവൽ (3 സീസൺ), വള്ളിപയർ                    (3 സീസൺ), പൈനാപ്പിൾ, ഏലം (ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ മാത്രം) എന്നിവയുടെ കൃഷിചെലവ് സംബന്ധിക്കുന്ന വിവരങ്ങളാണ് ഈ സർവ്വെയിലൂടെ ശേഖരിക്കുന്നത്.

        കൃഷി ചെലവ് സർവ്വെയിലൂടെ കേരളത്തിലെ പ്രധാന വിളകളുടെ ഓരോ ഹെക്ടറിലും കൃഷി ചെയ്യുന്നതിനുള്ള ചെലവിനെപ്പറ്റിയുള്ള വിവരങ്ങളും ഒരു ഹെക്ടർ കൃഷി ചെയ്യുമ്പോൾ കർഷകന് അതിൽ നിന്ന് കിട്ടുന്ന വരുമാനവും ടി സർവ്വെയിലൂടെ കണക്കാക്കുന്നു. സർവ്വെയുടെ കാലാവധി ഓരോ കാർഷിക വർഷം (ജൂലൈ - ജൂൺ) ആണ്.

 

        കാർഷിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കാർഷിക അഭിവൃദ്ധി കൈവരിക്കുന്നതിനു വേണ്ടി നൂതന കാർഷിക പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും കാർഷികോല്പന്നങ്ങൾക്ക് തറവില ലഭ്യമാക്കുന്നതിലൂടെ കർഷകർക്ക് അനുബന്ധ മേഖലയിലുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും കൃഷി ചെലവ് സർവ്വെ ഫലങ്ങൾ ഉപയോഗിക്കുന്നു. കൂടാതെ ദേശീയ-സംസ്ഥാന വരുമാന നിർണ്ണയത്തിനും കാർഷിക വിളകളുടെ താങ്ങുവില നിർണ്ണയിക്കുന്നതിനും പ്രൈസ് കമ്മീഷന്റെ വിവിധ ആവശ്യങ്ങൾക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൃഷിചെലവ് സർവ്വെ ഫലങ്ങൾ ഉപയോഗിച്ചുവരുന്നു.

 

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON