കാർഷിക സെൻസസ്

ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാർഷിക സമിതി (എഫ്.എ.ഒ) ലോക വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ലോക കാർഷിക സെൻസസിന്റെ ഭാഗമായി ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ 1970-71 മുതൽ തുടർച്ചയായി അഞ്ച് വർഷത്തിലൊരിക്കൽ കാർഷിക സെൻസസ് നടത്തി വരുന്നു. 100% കേന്ദ്ര സഹായത്തോടെയാണ് സെൻസസ് സംസ്ഥാനത്ത് നടത്തി വരുന്നത്.  കാർഷിക സെൻസസിന്റെ കേരളത്തിലെ നടത്തിപ്പു ചുമതല സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിനാണ്.

കാർഷിക സെൻസസിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്.

1.    ഒന്നാം ഘട്ടം (ലിസ്റ്റിംഗ്)

തെരഞ്ഞെടുക്കപ്പെട്ട ഡിവിഷൻ / വാർഡുകളിലെ ഓരോ വീടും സന്ദർശിച്ച് നേരിട്ട് അന്വേഷണം നടത്തി അതതു വാർഡിലെ താമസക്കാരായ കൃഷിഭൂമി കൈവശാനുഭവ കർഷകന്റെയും ഹോൾഡിംഗുകളുടെയും (കൈവശാനുഭവ ഭൂമി) വിവരങ്ങൾ സാമൂഹ്യ വിഭാഗം തിരിച്ച് ശേഖരിക്കുന്നു.

2.    രണ്ടാം ഘട്ടം (പ്രധാന സർവ്വേ)

പ്രത്യേകം തെരഞ്ഞെടുത്ത ഹോൾഡിംഗിനെ സംബന്ധിച്ചുള്ള വിവരങ്ങൾ അഞ്ച് പ്രധാന വിഭാഗങ്ങളിലായി ശേഖരിക്കുന്നു. ഹോൾഡിംഗിന്റെ വിതരണം, ഉടമസ്ഥത, ഭൂവിനിയോഗം, ജലസേചനം, വിളകളുടെ രീതി എന്നിവയാണ് അത്. 

3.    മൂന്നാം ഘട്ടം (ഇൻപുട്ട് സർവ്വേ)

കാർഷികാവശ്യത്തിന് വേണ്ടി വരുന്ന ഘടകങ്ങളായ വിത്തിനങ്ങൾ, രാസ / ജൈവ വളപ്രയോഗങ്ങൾ, കീടനാശിനീ പ്രയോഗങ്ങൾ, കാർഷിക ഉപകരണങ്ങൾ മുതലായവയെക്കുറിച്ച് വിശദമായ വിവരങ്ങൾ തെരഞ്ഞെടുക്കപ്പെട്ട ഹോൾഡിംഗുകളിൽ നിന്നും ശേഖരിക്കുന്നു.

കാർഷിക സെൻസസിന്റെ പ്രധാന ലക്ഷ്യങ്ങൾ

·         കാർഷിക മേഖലയുടെ അടിത്തറയെ സംബന്ധിക്കുന്ന സ്ഥിതിവിവരകണക്കുകൾ ഹോൾഡിംഗ് അടിസ്ഥാനത്തിൽ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുക, കൃഷിയുടെ പൂർണ്ണവിവരങ്ങൾ, ജലസേചനം, വളം, കീടനാശിനി, കാർഷിക ഉപകരണങ്ങൾ എന്നിവയുടെ വിവരങ്ങൾ ശേഖരിക്കുക

·          കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കുകയും പുതിയ നയങ്ങൾ രൂപീകരിക്കുകയും ചെയ്യുക

·         ഭാവിയിൽ കാർഷിക സർവ്വെ നടത്തുന്നതിനാവശ്യമായ ചട്ടക്കൂട് ഉണ്ടാക്കുക

·         കാർഷിക സ്ഥിതിവിവര കണക്ക് ശേഖരണത്തിന് ഒരു സംയോജിത പരിപാടി വികസിപ്പിക്കുന്നതിനുള്ള അടിത്തറ പാകുക.

 

ഇതുവരെ ഒമ്പതു സെൻസസുകൾ പൂർത്തീകരിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ പത്താമത് കാർഷിക സെൻസസ് നടന്നുവരുന്നു.

 

 

 

 

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON