സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് 

കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിലെ ഡാറ്റയുടെ ശേഖരണം, തരംതിരിക്കൽ, വിശകലനം, അപഗ്രഥനം, പ്രചാരണം എന്നിവയ്ക്കായുളള സംസ്ഥാനത്തെ നോഡൽ ഏജൻസിയാണ് സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ്. ഇന്ത്യയിലെ മികച്ച സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനമുളള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 1949  ഇംപ്രൂവ്മെന്റ് ഓഫ് അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന പദ്ധതിയിലൂടെ പഴയ തിരുവിതാംകൂർ സർവ്വകലാശാലയുടെ കീഴിലുളള ഡിപ്പാർട്ട്മെന്റ് ഓഫ് റിസർച്ച്- ലൂടെ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.

തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങളുടെ ലയന ശേഷം 1951  ബോർഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് രൂപം കൊണ്ടു. ഇതിന്റെ ഡയറക്ടറായി തിരുവിതാംകൂർ സർവ്വകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവിയെ നിയമിച്ചു.

1956 ൽ തിരു-കൊച്ചി സംസ്ഥാനത്തെ നാലു ജില്ലകളിൽ ജില്ലാതല സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനം നിലവിൽ വന്നു. 1956 നവംബർ 1 ന് കേരള സംസ്ഥാനം രൂപം കൊണ്ട ശേഷം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായുളള ഒരു വിഭാഗം സ്റ്റാറ്റിസ്റ്റിക്കൽ ജീവനക്കാരെ ഈ വകുപ്പിന്റെ കീഴിൽ കൊണ്ടു വന്നു. 1957 നവംബറിൽ മലബാർ, കാസർഗോഡ് മേഖലയിൽ ജില്ലാതല ആഫീസുകൾ സ്ഥാപിച്ചു കൊണ്ട് വകുപ്പിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. 1958 ഡിസംബറിൽ സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളുടെ ഗവേഷണ പഠനങ്ങൾക്കും സാമ്പത്തിക കാര്യങ്ങളിൽ സർക്കാരിനെ ഉപദേശിക്കുന്നതിനും മറ്റുമായി ബ്യൂറോ ഓഫ് ഇക്കണോമിക് സ്റ്റഡീസ് രൂപം കൊണ്ടു. 1963 ആഗസ്റ്റ് ഒന്നാം തീയതി ബ്യൂറോ ഓഫ് ഇക്കണോമിക് സ്റ്റഡീസും” “സ്റ്റാറ്റിസ്റ്റിക്സ് വകുപ്പും ലയിപ്പിച്ചു കൊണ്ട് ബ്യൂറോ ഓഫ് ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്  നിലവിൽ വന്നു.

1967 ഒക്ടോബറിൽ ബ്യൂറോ ഓഫ് ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഡയറക്ടറെ മെമ്പർ സെക്രട്ടറിയായി നിയമിച്ചു കൊണ്ട് സംസ്ഥാന ആസൂത്രണ ബോർഡ്  രൂപം കൊണ്ടു. 1972 മെയ് 27 വരെ സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനങ്ങളുടെ ഭൂരിഭാഗം ജോലികളും ബ്യൂറോയിലെ ജീവനക്കാരാണ് കൈകാര്യം ചെയ്തിരുന്നത്. 1967 മുതൽ 1972 വരെ ബ്യൂറോയുടെയും ആസൂത്രണ ബോർഡിന്റെയും പ്രവർത്തനങ്ങൾ ഒരുമിച്ചാണ് നടന്നിരുന്നത്.

1980 ൽ സർക്കാർ ഉത്തരവ് നമ്പർ സ.ഉ.(സാധാ) 360/80/പ്ലാനിംഗ് തീയതി  08/08/1980  പ്രകാരം  ബ്യൂറോ ഓഫ് ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സിനെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്  ആയി പുനർ നാമകരണം ചെയ്തു. സംസ്ഥാനത്തെ സ്ഥിതി വിവര സംവിധാനത്തിന്റെ കേന്ദ്രമായി വകുപ്പിന്റെ ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നു. വകുപ്പിന്റെ സാങ്കേതികവും ഭരണപരവുമായ പ്രവർത്തനങ്ങളുടെ അദ്ധ്യക്ഷനായി വകുപ്പ് ഡയറക്ടർ പ്രവർത്തിക്കുന്നു. ഡയറക്ടറുടെ ഭരണപരമായ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി സെക്രട്ടേറിയറ്റിൽ നിന്നും ഒരു അഡ്മിനിസ്ട്രേറ്റീവ് ആഫീസറും സാങ്കേതിക പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി അഡീഷണൽ ഡയറക്ടർമാർ, ജോയിന്റ് ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവരും പ്രവർത്തിക്കുന്നു. ഡയറക്ടറേറ്റിലെ വിവിധ വിഭാഗങ്ങളുടെ തലവൻമാരായി ജോയിന്റ് ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ എന്നിവർ വിഭാഗങ്ങളുടെ ജോലി ഭാരത്തിന്റെയും പ്രാധാന്യത്തിന്റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. ഡയറക്ടറേറ്റിലെ ഭരണ വിഭാഗങ്ങളുടെ ചുമതല നിർവ്വഹിക്കുന്നത് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമാരാണ്.

വകുപ്പിന് ഡയറക്ടറേറ്റ് കൂടാതെ 14 ജില്ലാതല ആഫീസുകളും 61 താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ആഫീസുകളും നിലവിൽ പ്രവർത്തിക്കുന്നു. ജില്ലാ ആഫീസുകളുടെ ചുമതല ഡെപ്യൂട്ടി ഡയറക്ടർമാരും താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ആഫീസുകളുടെ ചുമതല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ആഫീസർമാരും നിർവ്വഹിക്കുന്നു. ജില്ലാ ആഫീസുകളിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഒരു ജില്ലാ ആഫീസർ, അഡീഷണൽ ജില്ലാ ആഫീസർമാർ, റിസർച്ച് ആഫീസർമാർ എന്നിവരും പ്രവർത്തിക്കുന്നു.

 

  സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് കൂടാതെ സംസ്ഥാനത്തെ വിവിധങ്ങളായ ഡാറ്റയുടെ ശേഖരണത്തിനും ക്രോഡീകരണത്തിനും റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുമായി മറ്റ് 41 വകുപ്പുകളിലും സ്റ്റാറ്റിസ്റ്റിക്സ് സെല്ലുകൾ പ്രവർത്തിക്കുന്നു. ഈ സെല്ലുകളിലെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നത് സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിൽ നിന്നുളള ഉദ്യോഗസ്ഥരാണ്. ഈ സെല്ലുകൾ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെയും പ്രാധാന്യത്തിന്റെയും അടിസ്ഥാനത്തിൽ ജോയിന്റ് ഡയറക്ടർ വരെ റാങ്കിലുളള വകുപ്പിലെ ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്നു.

 

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON